THEO PRESS 2K 22 - ഉത്ഘാടന ചടങ്ങ് ഒരു വിമർശനാത്മക വിശകലനം

എം ടി ടി സി യിലെ എന്റെ മൂന്നാമത്തെ ദിവസമായിരുന്നു  ഇന്ന്. കഴിഞ്ഞദിവസം ഗ്രൂപ്പിൽ കണ്ടത്പോലെ 2022 അധ്യാന വർഷത്തെ മീഡിയ ക്ലബ്‌ ഉത്ഘാടനം ആരംഭിച്ചു. ദൂരദർശൻ ചാനലിൽ വർഷങ്ങളോളം തന്റെ മികവുറ്റ പ്രവർത്തനങ്ങളാൽ ശ്രദ്ധേയനായ സി ജെ വാഹിദ് ചെങ്ങാപള്ളിയാണ് ഉത്ഘാടന കർമം നിർവഹിച്ചത്. പരിപാടിയുടെ മുഖ്യ ആകർഷകമായി തോന്നിയതും അദ്ദേഹത്തിന്റെ പ്രഭാഷണം തന്നെയായിരുന്നു. മാധ്യമലോകവും ഞാനും എന്ന വിഷയത്തിൽ അനുഭവവും മീഡിയയയോടുള്ള സമീപനവും ദൂരദർശൻ ആകാശവാണി വാർത്താവതാരകരുടെയും നടന്മാരുടെയും  ശബ്ദാനുകരണവും വാക്കുകളും തീർച്ചയായും ഏറെ ആസ്വദിച്ചു.
            കാലമെത്ര സഞ്ചരിച്ചാലും, എല്ലാ സംസ്കാരത്തിനും അതിന്റെതായ മഹത്വവും തനിമയുമുണ്ടെന്ന് എത്ര തന്നെ പഠനങ്ങൾ ആവർത്തിച്ചാലും സവർണതയുടെ ആഡ്യത്വം എവിടെയൊക്കെയോ മലയാളികൾ അവശേഷിപ്പിച്ചു നിർത്താറുണ്ട്. ന്യൂനപക്ഷക്കാർക്ക് മാത്രം ആസ്വദിക്കാനും അവതരിപ്പിക്കാനും കഴിഞ്ഞിരുന്ന കഥകളിയാണത്രെ കേരളത്തിന്റെ അടയാളമായി ഇന്നും ജനമനസ്സുകളിൽ നിൽക്കുന്നത്. ഒരു വിഭാഗം ജനതയുടെ സംസ്കാരം കേരള സംസ്കാരമായി വിധേയത്വപരമായോ ബോധപൂർവമോ ആയിത്തീരാറുണ്ട്. ഇത്തരം കാര്യങ്ങളിൽ നിന്ന് ഭിന്നമാകുന്നതായിരുന്നില്ല വിളക്ക് തെളിയിച്ചുകൊണ്ട് നടത്തിയ ഉത്ഘാടനം. കേരളത്തിന്റെ 'തനത്
പാരമ്പര്യം' കാത്തുസൂക്ഷിക്കാനായിരുന്നോ അത്തരമൊരു ചടങ്ങ്.


  സ്വാഗതപ്രസംഗം മുതൽ നന്ദിവരെ, സമകാലിക മാധ്യമപ്രവർത്തകർ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയും വെല്ലുവിളിയും ഒരിക്കൽ പോലും പരാമർശിക്കാതെയാണ് ഈ പരിപാടി മുഴുമിപ്പിച്ചതെന്നോർക്കുമ്പോൾ പഠനവും സമകാലിക സമൂഹവും തമ്മിലുള്ള ബന്ധം ഒരു നൂലിൽ പോലും തീർത്തിരിക്കുന്നില്ലേ എന്ന ആശങ്കയിലായി. വാർത്തകൾ റിപ്പോർട്ട്‌ ചെയ്തു എന്ന കാരണത്താൽ മാത്രം ജയിലിൽ രാജ്യദ്രോഹം പോലുള്ള കുറ്റം ചുമത്തി വിചാരണ കാത്തിരിക്കുന്നവരെ ഒട്ടും പരാമർശിക്കാതെ ഒരു കലാലയത്തിൽ മീഡിയ ക്ലബ്‌ ഉത്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ വിഷയം ഒട്ടും ചർച്ചയാവാതിരുന്ന നിരാശ തീരുന്നതിനു മുമ്പേ വന്ന വാർത്ത ഇന്ത്യയിലും അന്താരാഷ്ട്ര മാധ്യമപ്രവർത്തനങ്ങളിലും സജീവമായ റാണ അയ്യൂബിനെ ഇ ഡി അറസ്റ്റ് ചെയ്യാൻ പോകുന്നു എന്നതാണ്. ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്ന മാധ്യമപ്രവർത്തകരെ ഏതുവിധേനെയും നേരിടുകയും പരാജയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഗൗരി ലങ്കേഷിന്റെ കൊല നടുക്കുന്ന ഓർമയായി നിലനിൽക്കുന്നു. യു പി യിലെ ദളിത് കുട്ടി ബലാത്സംഘം ചെയ്യപ്പെട്ട കേസ്‌ റിപ്പോർട്ട്‌ ചെയ്യാനെത്തിയ സിദ്ധിഖ് കാപ്പാൻ വർഷങ്ങൾക്കിപ്പുറവും ജയിലിലാണ്. ഭൂരിപക്ഷ രാഷ്ട്രീയത്തിനെതിരെ പോകാൻ സാധ്യതയുള്ള വാർത്തകൾ ജനിപ്പിക്കുന്ന ഭയമാവാം ഇത്തരം നിലപാടുകളിലേക്ക് നയിക്കുന്നത്. രാജ്യത്തിന്റ നെടുന്തൂണായി മാറേണ്ട മാധ്യമ പ്രവർത്തകർക്ക് മാധ്യമ സ്വാതന്ത്ര്യം നിഷേധിച്ച് കുറ്റവാളികളാക്കികൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഒരു വാക്ക് കൊണ്ടുപോലും മുറിവേല്പിക്കാതെ ആരെ സംരക്ഷിച്ചു നിർത്തണം.?
    പോസിറ്റീവും നന്മയും സ്നേഹവും  മുന്നിൽ കണ്ട് ന്യൂസുകൾ അവതരിപ്പിക്കേണ്ട നിഷ്കളങ്കമായ ചുറ്റുപാടിലൂടെയല്ല നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അധ്യാപകരവാൻ പോകുന്ന വിദ്യാർത്ഥികൾ അത്തരം 'നിഷ്കളങ്കത' മാത്രം കണ്ടു ശീലിക്കേണ്ടവരാണോ?...,അതോ ഇതെല്ലാം നിസാരമായി സാധാരണമായ സംഭവങ്ങളായി കണ്ട് മുന്നോട്ടു പോകണമെന്നാണോ?
.

Popular posts from this blog

The Grand Finale: Celebrating the Last Day of 30 Days of Teacher Training at St. John's Model HSS

FINAL DAY